District News
തൃശൂർ: കേരളവും തമിഴ്നാടും തമ്മിലുള്ള ടൂറിസം സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ്കുമാർ. ടൂറിസത്തിന് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള ഇരു സംസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട് കേരളം- തമിഴ്നാട് കന്പൈൻഡ് ടൂറിസം സർക്യൂട്ട് പദ്ധതി ആവിഷ്കരിക്കും.
കേരളത്തിലെ ഓണം, തൃശൂർ പൂരം, വള്ളംകളികൾ, തമിഴ്നാട്ടിലെ പൊങ്കൽ, ജെല്ലിക്കെട്ട്, ഉത്സവാഘോഷങ്ങൾ എന്നിവയെല്ലാം കോർത്തിണക്കി ഫെസ്റ്റിവൽ കലണ്ടർ തയാറാക്കും.
ലോക സഞ്ചാരികൾക്കു മുന്നിൽ ദക്ഷിണേന്ത്യയുടെ വിരുന്നായി ഫെസ്റ്റിവൽ ടൂറിസത്തെ മാറ്റണമെന്നും രാജേഷ്കുമാർ പറഞ്ഞു. തൃശൂർ ഡിസിസി ഓഫീസിലെത്തിയ മന്ത്രിയെ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് സ്വീകരിച്ചു. നേതാക്കളായ എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, മേയർ നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, കെ.കെ. ബാബു, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, ബൈജു വർഗീസ് എന്നിവരും പങ്കെടുത്തു.
District News
കേച്ചേരി: പെലക്കാട്ട്പയ്യൂർ -പയ്യൂർക്കാവ് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്നത് ജനങ്ങളുടെ ജീവനു ഭീഷണിയായി. ചൂണ്ടൽ പഞ്ചായത്തിലെ 19, 20 വാർഡുകളിൽ ഉൾപ്പെടുന്ന മേഖലയിലെ ജനങ്ങൾ ഭയന്നാണ് രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുന്നത്.
കാൽ നടയാത്രികരും വാഹനങ്ങളിൽ പോകുന്നവരും ഒരുകൂട്ടം പന്നികളെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കണ്ടത്.
പന്നികളെ വെടിവച്ച് കൊല്ലുന്ന പ്രവർത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കാറുണ്ടെങ്കിലും ഈ മേഖലയിലെ കാട്ടുപന്നി ശല്യത്തിനെതിര അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
District News
തളിക്കുളം: വാർഡ് അംഗമായിരുന്ന കൃഷ്ണ ഘോഷിന്റെ മരണത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തളിക്കുളം 13 -ാം വാർഡിൽ കൃഷ്ണ ഘോഷിന്റെ ഭാര്യ വിജിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഏരിയ കമ്മറ്റി വിളിച്ചുചേർത്ത യോഗത്തിലാണ് വിജി കൃഷ്ണഘോഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു അറിയിച്ചു.
സിപിഎം അംഗമായിരുന്ന കൃഷ്ണഘോഷ് വിജയിച്ച് ഒരു മാസം എത്തിയ ദിവസമാണ് ഹൃദയസ്തംഭനംമൂലം മരണപ്പെടുന്നത്. ഒരു മാസം മാത്രമാണ് വാർഡ് അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ അഞ്ച് വോട്ടിനായിരുന്നു വിജയം നേടിയത്. എൻഡിഎ സ്ഥാനാർഥിയായ ബിജെപിയിലെ സന്ദീപിനെയാണ് കൃഷ്ണ ഘോ ഷ് തോൽപ്പിച്ചത്.
യുഡിഎഫ് - ആർഎംപിഐ കൂട്ടുകെട്ടിൽ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും മത്സരിച്ച ആർഎംപി നേതാവ് ഷഫീർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കോൺഗ്രസ് വിമതൻ പുളിക്കൽ പ്രകാശനും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരുന്നു. കൃഷ്ണഘോഷിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് വിജിയെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചത്.
District News
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതിൽ വാട്ടർ അഥോറിറ്റി ഓഫീസിൽ യുഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധം.
തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർഅഥോറിറ്റി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിലെത്തിയായിരുന്നു പ്രതിഷേധം. ഏങ്ങണ്ടിയൂർ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പരാതി ഉയർന്നിട്ടും പരിഹാരമാകാത്തതിനാലാണ് യുഡിഎഫ് ജനപ്രതിനിധികൾ പ്രതിഷേധവുമായി വാട്ടർ അഥോറിറ്റി ഓഫിസിൽ എത്തിയത്.
അസിസ്റ്റന്റ് എൻജിനിയർ ഷാലി സുന്ദരനുമായി ചർച്ച നടത്തി. മേലുദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട അസിസ്റ്റന്റ്് എൻജിനിയർ ജനപ്രതിനിധികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്ത് ജലവിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതിഷേധത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇർഷാദ് കെ ചേറ്റുവ, ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ നൗഷാദ് കൊട്ടിലിങ്ങൽ, ഷജില ജമാൽ എന്നിവർ നേതൃത്വം നൽകി.
District News
കണ്ടാണശേരി: കണ്ടാണശേരി മാക് സംഗീത കൂട്ടായ്മയുടെ പതിനഞ്ചാം വാർഷികാഘോഷവും മാക് സംഗീത പുരസ്കാര സമർപ്പണവും നടത്തി. കീബോർഡ് ആർട്ടിസ്റ്റായിരുന്ന സദാനന്ദൻ കെ ശങ്കറിന്റെ സ്മരണക്കായുള്ള പുരസ്കാരം പിന്നണി ഗായകൻ കൃഷ്ണ ചന്ദ്രന് (25,000 രൂപ ) സമ്മാനിച്ചു.
ചടങ്ങിൽ സംഗീത സംവിധായകൻ മോഹൻ സിതാരയേയും പിന്നണിഗായിക ലതികയേയും ആദരിച്ചു. പ്രഫ. സി.രവീന്ദ്രനാഥ് എംഎൽഎ. ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു. മോഹൻ സിതാരയ്ക്കും ലതികയ്ക്കും ടി.എൻ. പ്രതാപനും കെ.വി. അബ്ദുൾഖാദറും ചേർന്ന് ഉപഹാരങ്ങൾ നൽകി. കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ്് എം.പി. സജീപ് അധ്യക്ഷനായി.
നടി വനിത കൃഷ്ണചന്ദ്രൻ മുഖ്യാതിഥിയായി. വാർഷികത്തിനു മുന്നോടിയായി നടന്ന "അർജുന ഗീതം' സംസ്ഥാന തല ഗാനാലാപന മത്സരത്തിലെ വിജയികൾക്ക് നടൻ ശിവജി ഗുരുവായൂർ സമ്മാനങ്ങൾ നൽകി.
മാക് കോർഡിനേറ്റർ ജവഹർ വെട്ടത്ത്, പ്രസിഡന്റ് ഹരിദാസ് നാരായണൻ, സെക്രട്ടറി കല്ലൂർ ഉണ്ണികൃഷ്ണൻ, ട്രഷറർ സത്യാനന്ദ് കെ ശങ്കർ, സുരേഷ് ബ്രഹ്മ, ഓമനക്കുട്ടൻ, ബാലൻ വാറണാട്ട് , ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
വേലൂർ: ഫൊറോന ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ വേലൂർ ഫൊറോന പള്ളിയിൽ പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐയുടെ നേതൃത്വത്തിൽ വോക്കോളജി സെമിനാർ സംഘടിപ്പിച്ചു.
വേലൂർ ഫൊറോന ഗായകസംഘം പ്രമോട്ടർ റവ. ഫാ. സെബി പുത്തൂർ അധ്യക്ഷത വഹിച്ച യോഗം വേലൂർ ഫൊറോന വികാരി ഫാ. ജെയ്സൺ തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
വേലൂർ ഫൊറോന ഗായകസംഘം പ്രസിഡന്റ് എസ്. നിധിൻ അറയ്ക്കൽ സ്വാഗതവും വേലൂർ അസി. വികാരി ഫാ. ജോൺ പേരാമംഗലം വേലൂർ ഗായകസംഘം പ്രസിഡന്റ് ബിജു മേയ്ക്കാട്ടുകുളം, എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിന് വേലൂർ ഫൊറോന ഗായകസംഘം സെക്രട്ടറി സി.എ. ബെന്നി നന്ദി അർപ്പിച്ചു.
District News
വടക്കാഞ്ചേരി: ആക്ട്സിന്റെ പുതിയ ഓഫിസ് നാടിനുസമർപ്പിച്ചു. ഓട്ടുപാറ ജില്ലാആശുപത്രിക്കു സമീപമാണ് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചത്. പുതിയ ഓഫിസ് ഉദ്ഘാടനം സേവ്യർ ചിറ്റില പ്പിള്ളി എംഎൽഎ നിർവഹിച്ചു.
റോഡ് അപകടങ്ങളിൽ രക്ഷാപ്രവർത്തനം, സൗജന്യ ആംബുലൻസ് സർവീസ്, ഡയാലിസിസ് കെയർ ആംബുലൻസ് സർവീസ് എന്നിവ ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്ന സംഘടനയാണ് ആക്ട്സ്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സ്വപ്നസൗധം പദ്ധതിയിലൂടെ ഭവനരഹിതർക്ക് ഒമ്പതുവീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. കൂടാതെ ഈ വർഷം ആറുവീടുകൾ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് വി.വി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. വത്സൻ മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ, വൈസ് ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ആക്ട്സ് രക്ഷാധികാരി അജിത് കുമാർ മല്ലയ്യ, മർച്ചന്റ്് അസോസിയേഷൻ സെക്രട്ടറി പി.പി. അബ്ദുൽ സലാം, ട്രഷറർ വി. അനിരുദ്ധൻ, അഡ്വ. ഇ.കെ. മഹേഷ്, അഡ്വ. പ്രദീപ് കാട്ടാളത്ത്, ബാബു പൂക്കുന്നത്ത്, എം.എ. അബ്ദുൾ റഹ്മാൻ, ശശികുമാർ കൊടക്കാടത്ത്, അമീർ റാഹ, സിബിൻ ജോണി എന്നിവർ സംസാരിച്ചു.
District News
വാടാനപ്പിള്ളി: ശാന്തി റോഡിൽ പ്രവർത്തിക്കുന്ന സത്യാസ് കൊപ്ര ഷെഡിൽ വൻ തീപിടിത്തം. കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.
ശനിയാഴ്ച അർധരാത്രി ഷെഡിൽനിന്ന് കനത്ത പുക ഉയരുന്നതുകണ്ട് ഓടിയെത്തിയ നാട്ടുകാരാണു വിവരം ഉടമസ്ഥരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ തീ നിയന്ത്രണവിധേയമാക്കി.
കൊപ്ര ഷെഡിനോട് ചേർന്നു നിർത്തിയിട്ട ബൈക്കും ഭാഗികമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക വിവരം. നാട്ടികയിൽ മൂന്നും ഗുരുവായൂരിൽനിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സുമാണ് എത്തിയത്.
District News
കൊടുങ്ങല്ലൂർ: മയക്കുമരുന്നിനെതിരെയുള്ള വി.ഡി. സതീശൻ സർക്കാരിന്റെ അഭിമാന പദ്ധതി "ഓപ്പറേഷൻ തൂഫാൻ' രണ്ടാംഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് കായിക യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ്. എംഎസ്എസ് വനിതാവിംഗ് തൃശൂർ ജില്ലാകമ്മി റ്റി സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ഐക്യധാര എന്ന പരിപാടി ഉദ്ഘാടനംചെയ്ത് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിൽ വാർഡ്തല സമിതികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബസമിതികൾ തുടങ്ങി നിരവധി സംഘടനകളുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാൻ സർക്കാർ വിപുലമായ പദ്ധതികളാണ് തയാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
17000 കുടുംബങ്ങളെ സംയോ ജിപ്പിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച എംഎസ്എസ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എംഎസ്എസ് വനിതാ വിംഗ് ജില്ലാ ട്രഷറർ കെ.എസ്. ഷാഹിന അധ്യക്ഷത വഹിച്ചു. കേരള പൊലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തുകയും ഓപ്പറേഷൻ തൂഫാൻ ഐക്യധാരയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. എംഎസ്എസ് സംസ്ഥാന പ്രസിഡന്റ്് നിയാസ് പുളിക്കലകത്ത് ലഹരിക്കെതിരെയുള്ള പ്രതിജ്ഞാവാചകം ചൊല്ലി ക്കൊടുത്തു.
ജുമൈറ അംജദ്, നേതാക്കളായ ടി.എസ്. നിസാമുദ്ദീൻ, എ.കെ. അബ്ദുൽ റഹ്മാൻ, എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞു മൊയ്തീൻ, കാലിക്കട്ട് സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം പ്രഫ. കെ.എ. സിറാജ്, സംഘാടകസമിതി ചെയർമാൻ കെ.എ. അംജദ്, എസ്എൻഡിപി യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ, മുഹമ്മദ് മിഥിലാജ് ജലാലി, സൽമ അൻവരിയ എന്നിവർ പ്രസംഗിച്ചു.
ഷാജി കാട്ടകത്ത് സ്വാഗതവും വഹിദ ബദറുദ്ദീൻ നന്ദിയും പറഞ്ഞു.
District News
ചാലക്കുടി: ട്രാംവേ പൈതൃക മ്യൂസിയം ആരംഭിക്കാനുള്ള സർക്കാർപദ്ധതി വിസ്മൃതിയിലായി. ചാലക്കുടിയിൽ ലോക പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചിരുന്ന ട്രാംവേയുടെ ചരിത്ര അവശേഷിപ്പുകളുടെ പൈതൃക മ്യൂസിയമാണ് പ്രരംഭ പ്രവർത്തനങ്ങൾ മാത്രം നടത്തി എങ്ങുമെത്താതെ നിൽക്കുന്നത്.
മ്യൂസിയത്തിനുവേണ്ടി ട്രാംവേയുടെ വർക്ക്ഷോപ് പ്രവർത്തിച്ചിരുന്നതും ജലസേചന വകുപ്പിന്റെ അധീനതയിലുള്ളതുമായ കെട്ടിടം ഇതിനുവേണ്ടി സംസ്ഥാന പുരാവസ്തുവകുപ്പിനു കൈമാറിയിരുന്നു. മ്യൂസിയം സ്ഥാപിക്കുന്നതിനുവേണ്ടി കെട്ടിടത്തിന്റെ സമഗ്ര സംര ക്ഷണപ്രവർത്തനങ്ങളുടെയും ട്രാംവേ മ്യൂസിയം സജ്ജീകരണത്തിന്റെയും ഉദ്ഘാടനം 2021 ജനുവരി 23ന് അന്നത്തെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി നിർവഹിച്ചിരുന്നു.
1.42 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഇതോടെ ട്രാംവേ പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികൾ അവസാനിച്ചു.
ഇപ്പോൾ പണി നടത്തിയ കെട്ടിടം കാടുപിടിച്ച് കിടക്കുകയാണ്. രണ്ടാംഘട്ടത്തിൽ ട്രാംവേയുടെ ഉപകരണങ്ങൾ എത്തിക്കേണ്ടതായിരുന്നു. ഇതിനു സർക്കാർ അനുമതി ലഭിച്ചില്ല.
പറമ്പിക്കുളം മലനിരയിലെ കാടുകളിൽനിന്നു തേക്ക്, ഈട്ടി തുടങ്ങിയ വൻ മരങ്ങൾ ചാലക്കുടിയിൽ എത്തിക്കാൻ 1907ൽ സ്ഥാപിതമായ ട്രാംവേ എൻജിനിയറിംഗ് രംഗത്തെ വിസ്മയമായിരുന്നു. 49.5 കിലോമീറ്റർ ദൂരമാണ് ട്രാംവേ നിർമിച്ചിരുന്നത്. സമുദ്രനിരപ്പിൽ നിന്നു 50 അടി ഉയരത്തിലുള്ള ചാലക്കുടിയിൽനിന്നു തുടങ്ങി ആനപ്പാന്തത്ത് എത്തുമ്പോൾ 400 അടി.
അവിടെ നിന്നു പറമ്പിക്കുളം കടുവ സങ്കേതത്തിലുള്ള കോമളപ്പാറയിൽ എത്തുമ്പോൾ 2500 അടി. പിന്നിട് പറമ്പിക്കു ളത്തേക്ക് എത്തുവാൻ ട്രാംവേ താഴോട്ട് പോകണം. ഇൻ ക്ലയിൻ സംവിധാനത്തോടെ കൂറ്റൻ പൽചക്രത്തിന്റെ ഇരുവശങ്ങളിലുള്ള ഇരുമ്പ് വടം ബോഗികളിൽ ഘടിപ്പിച്ച് ഒരു വാഗൻ താഴോട്ട് ഇറങ്ങുമ്പോൾ മറ്റൊരു വാഗൻ മുകളിലേക്കുകയറുന്ന സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ട്രാംവേ പ്രവർത്തിച്ചിരുന്നത്.
പറമ്പിക്കുളത്തുനിന്നും ട്രാംവേ വഴി കൊണ്ടു വരുന്ന മരങ്ങൾ വിദേശത്തേക്ക് കടത്തി കൊണ്ടുപോകുകയായിരുന്നു. പിന്നീട് മരത്തിന്റെ ലഭ്യത കുറഞ്ഞപ്പോൾ ട്രാംവേ നഷ്ടത്തിലായി. ഇതോടെ 1963ൽ ട്രാംവേ പൂർണമായി പൊളിച്ചുകളയുകയായിരുന്നു.
ഇന്നും വനഭാഗങ്ങളിൽ ട്രാംവേയുടെ അവശേഷിപ്പുകൾ നിലനിൽക്കുന്നുണ്ട്. ചാലക്കുടിയുടെ ചരിത്രം ട്രാംവേയുമായി ബന്ധപ്പെട്ടതാണ്.
District News
പള്ളിവളവ് : മതിലകം പടിയൂർ പൈതൃകം ബോട്ട് ക്ലബ് നാലാമത് ജലോത്സവം ആവേശകരമായ ഫൈനലിൽ എ ഗ്രേഡ് വിഭാഗത്തിൽ തുരുത്തിപ്പുറത്തെ പരാജയപ്പെടുത്തി താണിയൻ കിരീടം നിലനിർത്തി. ഒരു മിനിറ്റ് 39 സെക്കൻഡ് 0 9 മൈക്രോ സെക്കൻഡ് സമയമെടുത്ത് വിജയിക്കിരീടം കരസ്ഥമാക്കി. തുരുത്തിപ്പുറം ഒരു മിനിറ്റ് 39 സെക്കൻഡ് 60 മൈക്രോ സെക്കൻഡ് എടുത്തു.
ബി ഗ്രേഡ് കളിവള്ളങ്ങളുടെ വിഭാഗത്തിൽ മൈക്രോസെക്കൻഡുക ളുടെ വ്യത്യാസം പോലും കാണിക്കാതെ ഇരുഭാഗവും തുല്യത പുലർത്തിയതിനാൽ വീഡിയോ കണ്ണുകളിലൂടെ നിരീക്ഷിച്ച് ഒഫീഷ്യലായി വിധി പ്രഖ്യാപിച്ചത് ഏറെ നേരം വാക്കു തർക്കങ്ങൾക്കിടയാക്കി. മടപ്രാതുരുത്ത് ഒരു മിനിറ്റ് 45 സെക്കൻഡ് 80 മൈക്രോ സെക്കൻഡിൽ ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനക്കാരായ തട്ടകത്തമ്മ ഒരു മിനിറ്റ് 45 സെക്കൻഡ് 91 മൈക്രോ സെക്കൻഡിൽ ഫിനിഷ് ചെയ്തു.
രാവിലെ നടന്ന ചടങ്ങിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ ടൂറിസം മന്ത്രി എസ്. രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് പതാക ഉയർത്തി. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരനും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണനും തുഴകൈമാറ്റം നിർവഹിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്റർനാഷണൽ അത്ലറ്റുകളായ ആൻസി സോജൻ, അഷ്ഫാക്ക് കൂടാതെ ഡാവിഞ്ചി സുരേഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ് അബ്ദുൽ റസാഖ് എന്നിവരെ ആദരിച്ചു. എംഎൽഎമാരായ കെ.കെ. വത്സരാജ് , തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎ ഇ.ടി. ടൈസൺ, സിനിമാ നാടക സംവിധായകൻ ഷൈജു അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
District News
കൊരട്ടി: കുടുംബപ്രാരാബ്ധങ്ങളിൽപ്പെട്ട് അടച്ചുറപ്പുള്ളൊരു വീട് സ്വപ്നമായി മാറിയ നാലു കുടുംബങ്ങൾക്ക് കനിവ് - സാന്ത്വനം ഭവനപദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. കായികയുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് താക്കോൽദാനം നിർവഹിച്ചു.
വെസ്റ്റ് കൊരട്ടി സ്വദേശിയും പ്രവാസിയുമായ അഡ്വ. സുരേഷ് വേണുക്കുട്ടനും കുടുംബവും സൗജന്യമായി നൽകിയ 24 സെന്റ് സ്ഥലത്ത് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മൂന്നുഘട്ടങ്ങളിലായി 13 കുടുംബങ്ങൾക്ക് ഭവനമൊരുക്കിയത്. 600 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു ബെഡ്റൂം, കിച്ചൺ, ഹാൾ, ടോയ്ലറ്റ്, വരാന്ത തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഓരോ ഫ്ലാറ്റും നിർമിച്ചിരിക്കുന്നത്. ഇതിൽ ഒമ്പതു കുടുംബങ്ങൾക്ക് നേരത്തെ താക്കോൽ കൈമാറിയിരുന്നു.
കനിവ് പ്രസിഡന്റ്് പി.എസ്. മനോജ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ, വൈസ് പ്രസിഡന്റ് പി.ഡി. ജോസ്, ഫാത്തിമമാത പള്ളി വികാരി ഫാ. തോമസ് തറയിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സാജൻ കൊടിയൻ, ഫാത്തിമ നിസാർ, ഷിജി ബിജു, എം.യു. കൃഷ്ണകുമാർ, ഷംല നൗഷാദ്, കനിവ് ഭാരവാഹികളായ കെ.ആർ. അജയൻ, ടി.കെ. പോൾസൺ, വി.വി. ജയരാമൻ, രമ നാരായണൻ എന്നിവർ പ്രസംഗിച്ചു. കലാഭവൻ ഡെൻസന്റെ നേതൃത്വത്തിൽ ഗാനസന്ധ്യയും സംഘടിപ്പിച്ചു.
District News
മുരിയാട്: ആനന്ദപുരം റൂറല്‍ ബാങ്കിന്റെ വിജയോത്സവം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.ജി. ശങ്കരനാരായണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്് സരള വിക്രമന്, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, അജീഷ് കുഞ്ഞന്‍, എ.എം. ജോണ്സണ്, അഞ്ജലി ഷാബു, ബാങ്ക് സെക്രട്ടറി കാഞ്ചന നന്ദനന്‍, ഐ.ആര്. ജെയിംസ്, മോളി ജേക്കബ്, എന്‍.കെ. പൗലോസ്, ശാരിക രാമകൃഷ്ണന്, കെ.കെ. ചന്ദ്രശേഖരന്, പോള്‍ പറമ്പി, ജിനിത പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടുങ്ങല്ലൂർ: കേരള പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ ദീപശിഖയോടൊപ്പം മാരത്തൺ സംഘടിപ്പിച്ചു.
എസ്പിസി, എൻസിസി, എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നി സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത മാരത്തണിൽ മന്ത്രി ഒ.ജെ. ജനീഷിനോടൊപ്പം പോലീസ് മേധാവികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ജനമൈത്രി പ്രവർത്തകരും ഹൈവേ സുരക്ഷാപ്രവർത്തകരും അണിചേർന്നു. വാദ്യമേളങ്ങൾ കൊഴുപ്പേകി. തുടർന്ന് പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന പൊതുസമ്മേളനം കായിക യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു.
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, തൃശൂർ എസ്പി മുഹമ്മദ് നദിമുദ്ദീൻ, ടി.എസ്. സജീവൻ, തിരക്കഥാകൃത്ത് സുനിൽ, ഡാവിഞ്ചി സുരേഷ്, ഗീതാ റാണി, ഡിവൈഎസ്പി രതീഷ്കുമാർ, സിഐ ഇ.ആർ. ബൈജു എന്നിവർ പ്രസംഗിച്ചു. പോലീസ് ഉദ്യോഗസ്ഥരായ അതുൽ മോഹൻ, അരാഫത്ത്, സുമേഷ്, ജനമൈത്രി അംഗങ്ങളായ കെ.പി. സുനിൽകുമാർ, ഉണ്ണി പണിക്കശേരി, കെ.ആർ. രണദീപൻ, പി.ആർ. ബാബു. നൗഫൽ, ഇ.ജെ. വൽസൻ, ശ്രീജിത്ത്, കെ.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ആഡംബര ബുള്ളറ്റുകളുടെയും സൈക്കിളുകളുടേയും അകമ്പടിയോടെ ജില്ലാ അതിർത്തിയിൽ എത്തിച്ചു. തുടർന്ന് നൃത്തനൃത്ത്യങ്ങളും നാടൻ പാട്ടുകളും കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു. ക്രൈസ്റ്റ് കോളജിന്റെയും അമല മെഡിക്കല്‍ കോളജിന്റെയും സ്ഥാപകരില്‍ ഒരാളും വിദ്യാഭ്യാസ വിചക്ഷണനുമായ പത്മഭൂഷന്‍ ഗബ്രിയേലച്ചന്റെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റായ സുവോളജി ഡിപ്പാര്‍ട്ട്മെന്റിൽ അമ്പതാമത്തെ പിഎച്ച്ഡി എന്ന മഹത്തായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ഇതുവരെ പിഎച്ച്ഡി കരസ്ഥമാക്കിയവരൊക്കെ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്രജ്ഞരായി സേവനം ചെയ്യുകയാണ്. ഇവരേയും അവരുടെ ഗൈഡുമാരെയും ആദരിച്ചു.
ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, കാലിക്കട്ട് യൂണിവേഴ്സിറ്റി അസി. പ്രഫസര്‍ ഡോ. ബിനു, സുവോളജി വിഭാഗം മേധാവി ഡോ. ലിയോ ണ് വര്‍ഗീസ്, ക്രൈസ്റ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജോഷിന, സിബിആര്‍സി ഡയറക്ടര്‍ ഫാ. ഡോ. ജിജോ ഫ്രാ ന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
District News
വടക്കഞ്ചേരി: വലിയൊരു ദുരന്തത്തിനു കാതോർക്കുകയാണോ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത? അപകടങ്ങളും അപകടമരണങ്ങളുമെല്ലാം ഒറ്റപ്പെട്ട സംഭവമായി കരുതുന്ന അധികാരികൾ തന്നെയല്ലേ വലിയ ദുരന്തത്തെ വീണ്ടും മാടിവിളിക്കുന്നത്?.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ എട്ടുപേരുടെ അപകടമരണം ഇവിടത്തെ അധികാരികളെയും ഇരുത്തിച്ചിന്തിപ്പിക്കുമോ? - ചോദ്യങ്ങൾ അനവധിയാണ്.
കയ്പമംഗലം ദേശീയപാതയിൽ അനധികൃതമായി പാർക്കുചെയ്തിരുന്ന ചരക്കുലോറിക്കു പിന്നിൽ കാറിടിച്ചുകയറിയാണ് തമിഴ്നാട് എൻജിനീയറിംഗ് കോളജിലെ എട്ടുവിദ്യാർഥികൾ അതിദാരുണമായി മരിച്ചത്.
എന്നാൽ സമാന ദുരന്തസാധ്യതയുണ്ടാകുംവിധമാണ് ഏറെ വാഹനത്തിരക്കേറിയ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലും ചരക്കുലോറികൾ അനധികൃതമായി നിർത്തിയിടുന്നത്.
ലോറിയിലിടിച്ചുണ്ടായ അപകടങ്ങളിൽ ഉയർന്ന മരണസംഖ്യ ഇവിടെയുണ്ടായിട്ടില്ലെങ്കിലും ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ദേശീയപാതയിൽ ഇടയ്ക്കിടെ ഒറ്റപ്പെട്ട അപകടങ്ങളും മരണങ്ങളും തുടരുകയാണ്.
വഴിപാടായി അന്വേഷണങ്ങൾ
വലിയ അപകടങ്ങളുണ്ടാകുമ്പോൾ നാലുദിവസം അന്വേഷണങ്ങളും പരിശോധനകളും നടക്കും. പിന്നീട് അതെല്ലാം ഇല്ലാതാകും. അപകടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നാലുവർഷം മുമ്പ് ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ്ബസ് കെഎസ്ആർടിസി ബസിലിടിച്ചുമറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചപ്പോഴും കുറെ പ്രഖ്യാപനങ്ങളെല്ലാം ജനങ്ങൾ കേട്ടതാണ്.
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയിലായി. ഇപ്പോഴും മംഗലത്ത് ദേശീയപാതയിലാണ് ബസുകൾനിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. മുന്നിൽ പോകുന്ന ബസ് പെട്ടെന്ന് റോഡിൽ നിർത്തുന്നതു മൂലം പിന്നിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു തുടർക്കഥയാണ്.
എന്നിട്ടും ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു. നടപടിയെടുക്കേണ്ട അധികാരികൾ ആരും ഒന്നും മിണ്ടുന്നില്ല. ബസുകളെല്ലാം സർവീസ് റോഡ് വഴി പോയാൽ അപകടങ്ങൾ ഒഴിവാക്കാം. പക്ഷെ, അതു ചെയ്യുന്നില്ല. ഒരു അപകടം സംഭവിച്ചാൽ കുറച്ചു ദിവസം സർവീസ് റോഡ് വഴി പോകും.പ്രതിഷേധവും രോഷവും തണുക്കുമ്പോൾ പിന്നെയെല്ലാം പഴയപടി തന്നെ.
ടോൾപ്ലാസയല്ല, പാർക്കിംഗ് പ്ലാസ
പന്നിയങ്കര ടോൾപ്ലാസയുടെ ഇരുഭാഗത്തുമാണ് മൂന്നുവരി റോഡിലെ ഒരുവരി റോഡ് പൂർണമായും ചരക്കുലോറികൾ കൈയടക്കുന്നത്.ഇവിടത്തെ ഹോട്ടലുകൾക്കുമുന്നിലും ചിപ്സ് കടകൾക്കു മുന്നിലുമാണ് ലോറികൾ നിർത്തിയിടുക. നടപടിയെടുക്കേണ്ടവരെല്ലാം ഇതെല്ലാം കാണുന്നുണ്ടെങ്കിലും എല്ലാം കണ്ണടയ്ക്കുന്നത് എന്തൊക്കെയോ ആനുകൂല്യങ്ങൾക്കാണെന്നാണ് ആക്ഷേപം.
ആയുർവേദ ആശുപത്രി, കമ്പ്യൂട്ടർ കോളജ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലുള്ള പ്രവേശന ഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്ന ഏറെ അപകടകരമായ സ്ഥിതി ഇപ്പോഴും തുടരുകയാണ്. റോഡപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി മൂന്നുവർഷംമുമ്പ് നടപ്പാക്കിയെന്നു പറയുന്ന ലൈയിൻ ട്രാഫിക് ഇനിയും നടപ്പിലാകുന്നില്ല. പല ഭാഗത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇതിനാൽ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ രാത്രിയാത്ര അപകട മുനമ്പിലാണ്.
കീപ്പ് ലെഫ്റ്റ്, എപ്പോഴും...
എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നായിരുന്നു മൂന്നുവർഷംമുമ്പ് പന്നിയങ്കരയിൽ ലൈയിൻ ട്രാഫിക് പദ്ധതി ഉദ്ഘാടനം ചെയ്ത് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞിരുന്നത്. വേഗത കുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടതു ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം.
സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻമാത്രം ഉപയോഗിക്കുക എന്നതായിരുന്നു നിർദേശം. ഒരു മാസത്തിനുള്ളിൽതന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയ പാതയിൽ നടപ്പിലാക്കൂ തുടങ്ങിയ പ്രഖ്യാപനങ്ങൾ പലതുമുണ്ടായി.ഇപ്പോഴും വേഗതകുറഞ്ഞ ചരക്കു ലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്.
ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല.ചരക്കുലോറികൾ ഏതുസമയവും വെട്ടിച്ച് ട്രാക്ക് മാറി വരാമെന്ന സ്ഥിതിയുള്ളതിനാൽ കാർ ഉൾപ്പെടെയുള്ള വാഹന യാത്രികർക്ക് ഓവർ ടേക്കിംഗ് ഭീതിതരമാണ്. സ്വകാര്യബസുകളും പലപ്പോഴും രണ്ടുപാതകളിലൂടെയാണ് പോകുന്നത്.
ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ- ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി ഇടയ്ക്ക് ലഘുലേഖകളെങ്കിലും വിതരണം ചെയ്താൽ കുറച്ചെങ്കിലും വാഹനങ്ങൾ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ചുപോകുമായിരുന്നു. അതുമുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.
District News
കല്ലടിക്കോട്: കല്ലടിക്കോടൻ മലയോരത്തെ മീൻവല്ലം പവർഹൗസിനു താഴെയായി ഇരുട്ടുകുഴി ഉള്ളംകയം വിനോദസഞ്ചാരികൾക്കു മാത്രമല്ല നാട്ടുകാർക്കും ഭയമാണ്. പുറത്തേയ്ക്കു കാണാനാകാത്തവിധം മൺതിട്ടക്കടിയിലൂടെ ഒഴുകിയെത്തുന്ന പുഴ ദുരൂഹതകൾ നിറഞ്ഞതാണ്.
പുറമേയ്ക്ക് ശാന്തവും കല്ലുകൾനിറഞ്ഞ് തെളിഞ്ഞ പുഴയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കല്ലുകൾക്കിടയിലൂടെ താഴേയ്ക്കിറങ്ങുമ്പോഴാണ് അപകടം മനസിലാക്കാനാവുക. അപ്പോഴേക്കും ഒഴുക്കിൽപ്പെട്ട് കുഴിയിലേയ്ക്കു പോയിട്ടുണ്ടാകും.
കഴിഞ്ഞദിവസം ചന്ദ്രനഗർ സ്വദേശിയായ വിദ്യാർഥി അകപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ പാസ് വൈകുന്നേരം നാലുവരെയാണ് നൽകുക. അഞ്ചിനുശേഷം ആരേയും കടത്തിവിടില്ല. എന്നാൽ മൂന്നേക്കറിലെ വനംസംരക്ഷണസമിതിയുടെ ഓഫീസും വെള്ളച്ചാട്ടവും തമ്മിൽ മൂന്നുകിലോമീറ്ററോളം ദൂരമുണ്ട്.
ഇതിനിടയിൽ സന്ദർശകർ പുഴുയുടെ വശങ്ങളിൽ ഇറങ്ങിയാൽ ആരുംഅറിയില്ല. പരിസരത്തു വീടുകളും കുറവാണ്. വന്യമൃഗങ്ങൾ അടക്കമുള്ളവ വൈകുന്നേരത്തോടെ കാടിറങ്ങുന്നതും സന്ദശകർക്കു ഭീഷണിയാണ്.
മീൻവല്ലം വെള്ളച്ചാട്ടത്തിനുസമീപം സംരക്ഷണസമിതി ഭാരവാഹികളുടെ സംരക്ഷണമുണ്ടെങ്കിലും അതിനുപുറമേ യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ല. വൈദ്യുതി ഉത്പാദനത്തിനുശേഷം വൈകുന്നേരം ആറോടുകൂടി പെൻസ്റ്റോക്ക് പൈപ്പിലെ വെള്ളം തുറന്നുവിടാറുണ്ട്. കഴിഞ്ഞ ദിവസം പുഴയിൽ ജലനിരപ്പ് പെട്ടെന്ന് വർധിച്ചതും അപകടത്തിനു കാരണമായതായി പറയുന്നു.
ജില്ലാ പഞ്ചായത്ത് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ സുരക്ഷാമാർഗങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.നാലുകിലോമീറ്ററോളം വരുന്ന ഈ റോഡിലും തെരുവുവിളക്കുകളോ സുരക്ഷാ ബോർഡുകളോ ഇല്ല. ദൂരഭാഗങ്ങളിൽനിന്നുവരുന്ന സഞ്ചാരികൾ പരിചയക്കുറവുമൂലം അപകടങ്ങളിൽപ്പെടുന്നതു പതിവാണ്.
വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പുഴയിലേയ്ക്ക് തുറന്നുവിടുന്നതിനു അരമണിക്കൂർമുമ്പ് അപായ സൈറൺ മുഴക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വനംവകുപ്പും ജില്ലാ പഞ്ചായത്തും കരിമ്പ ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് സുരക്ഷാക്രമീകരണങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.
District News
വടക്കഞ്ചേരി: മൂലങ്കോട് ജനകീയ വായനശാല ആൻഡ് കലാസമിതിയുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.അധ്യാപക ദമ്പതിമാരായ പി. മോഹനൻ മാസ്റ്റർ, ലത ടീച്ചർ തുടങ്ങിയവരെ ആദരിച്ചു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ യു. അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർമാരായ സുരേന്ദ്രൻ, കരുണ രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. മോഹൻദാസ്, നേതൃസമിതി കൺവീനർ പി. വിജയൻ, കലാസമിതി പ്രസിഡന്റ് എം.ജി. ലെനിൻ, കലാസമിതി ട്രഷറർ അറയ്ക്കൽ ശശി, എം.കെ. ശശി, പ്രസാദ് മാസ്റ്റർ, ലൈബ്രേറിയൻ സി.പി. മാധവൻ, എ.ടി. തമ്പു, പി. രാമകൃഷ്ണൻ മറ്റു ഗ്രന്ധശാല പ്രവർത്തകരും പങ്കെടുത്തു.
District News
വടക്കഞ്ചേരി: മഴയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിൽ കാർഷികവിളകൾ ഉണക്കു ഭീഷണിയിൽ. നെല്ല്, പച്ചക്കറികൾ, വാഴ തുടങ്ങി ഹ്രസ്വകാല വിളകളാണ് ചിങ്ങമാസത്തിലെ അസാധാരണമായ ചൂടുമൂലം ഉണക്കഭീഷണിയിലായിട്ടുള്ളത്.
വിളകൾക്കെല്ലാം നനയ്ക്കൽ നടത്തേണ്ട സ്ഥിതിയാണിപ്പോൾ. ഇക്കുറി മഴയിലുണ്ടായിട്ടുള്ള കുറവും ചൂടുകൂടാൻ കാരണമായിട്ടുണ്ടെന്നു പറയുന്നു. നല്ല മഴക്കാലമെന്നു വിശേഷിപ്പിക്കേണ്ട ദിവസങ്ങൾക്കുശേഷവും പലയിടത്തും ഉറവപോലും ഇക്കുറിയുണ്ടായില്ല.
ഒഴുക്കില്ലാത്തവിധം പുഴകളിലും വെള്ളംവറ്റി. ജലനിരപ്പ് നിയന്ത്രിക്കാനാകാതെ ഈ മാസങ്ങളിലെല്ലാം ഷട്ടറുകൾ തുറന്ന് വെള്ളം വിടാറുള്ള മംഗലംഡാമിലെ ജലനിരപ്പിലും കുറവാണ് കാണിക്കുന്നത്.
ഒന്നാംവിള നെല്ലിന്റെ കതിരുവരുന്ന സമയമാണിത്. എന്നാൽ വെള്ളമില്ലാതെ നെൽചെടികൾ ഉണക്കുഭീഷണിയിലാണെന്നു വക്കാല, ചെറുകുന്നം പാടശേഖരങ്ങളിലെ കർഷകർ പറഞ്ഞു.
മംഗലംഡാമിനോടു വളരെ അടുത്തുകിടക്കുന്ന പ്രദേശങ്ങളാണ് ഇതെല്ലാം. ഡാമിൽനിന്നു കനാൽവഴി വെള്ളം വിടണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്.
ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ വെള്ളംവറ്റിയ നിലയിലാണെന്നു വക്കാലയിലെ കർഷകനായ എൻ. ഹനീഫ പറഞ്ഞു.
District News
നെന്മാറ: കരാർ ഏറ്റെടുത്ത് മൂന്നുവർഷം പിന്നിട്ടിട്ടും നെന്മാറ- ഒലിപ്പാറ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശികനേതൃത്വം സമരത്തിലേക്ക്.
നിർത്തിവച്ചിരിക്കുന്ന റോഡുപണി പത്തുദിവസത്തിനുള്ളിൽ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നു നേതാക്കൾ അറിയിച്ചു.
റോഡ് നിർമാണത്തിനു നേതൃത്വം നൽകുന്ന ദേശീയപാത വിഭാഗത്തിന്റെ ബന്ധപ്പെട്ട ഓഫിസുകൾ കേന്ദ്രീകരിച്ചായിരിക്കും സമരപരിപാടികൾ സംഘടിപ്പിക്കുക.
കരാറുകാരന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് റോഡുനിർമാണം അനിശ്ചിതമായി നീളാൻ പ്രധാന കാരണമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
നിശ്ചിത കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാതെ പലതവണ സമയം നീട്ടിവാങ്ങിയ കരാറുകാരൻ ഒടുവിൽനൽകിയ ഉറപ്പും പാലിച്ചില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ ആരോപിച്ചു.
പുതിയ ഷെഡ്യൂൾ പ്രകാരം പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നിശ്ചയിച്ചദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ ഒരു നിർമാണപ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ കണ്ടെത്തി പ്രവൃത്തി എത്രയും വേഗം പുനരാരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരിയും വൈസ് പ്രസിഡന്റ് എസ്.എം. ഷാജഹാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പലതവണ ഉറപ്പുകൾ ലംഘിച്ച കരാറുകാരന് വീണ്ടും ഒരവസരം കൂടി നൽകിയത് തെറ്റായ തീരുമാനമായിപ്പോയെന്നും അവർ അഭിപ്രായപ്പെട്ടു.കയറാടി വരെയുള്ള ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കിയ ശേഷം അവസാനഘട്ടമായി ഒലിപ്പാറ വരെയുള്ള ജോലികൾ ഒക്ടോബറിൽ പൂർത്തിയാക്കുമന്നായിരുന്നു കരാറുകാരൻ ഒടുവിൽ നൽകിയ ഉറപ്പ്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അതും യാഥാർഥ്യമാകുമോയെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. മഴയ്ക്ക് ശമനമായതോടെ തകർന്നുകിടക്കുന്ന റോഡിൽ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്.
ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡിന്റെ മോശം അവസ്ഥ മലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും വർധിച്ചതായി പരാതിയുണ്ട്.
District News
നെന്മാറ: വർഷങ്ങളായി കാത്തിരുന്ന നെന്മാറ- കൊല്ലങ്കോട് റോഡിന്റെ സമഗ്ര നവീകരണത്തിനു തുടക്കമാകുന്നു.വടക്കഞ്ചേരി- ഗോവിന്ദാപുരം ദേശീയപാത പദ്ധതി ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
ആകെ 15.24 കോടി രൂപ ചെലവിൽ അയിനംപാടം ജപമാലറാണി പള്ളിമുതൽ കൊല്ലങ്കോട് പഞ്ചായത്ത് ഓഫീസ് വരെയുള്ള 13 കിലോമീറ്റർ ദൂരത്തിലുള്ള റോഡാണ് നവീകരിക്കുക. പദ്ധതിയുടെ പ്രാരംഭനടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനെതുടർന്ന് കരാർനടപടികളും പൂർത്തിയായിട്ടുണ്ട്.
കരാറുകാരന് നിർമാണത്തിനുള്ള സൈറ്റ് കൈമാറിക്കഴിഞ്ഞതായും അധികൃതർ അറിയിച്ചു. 2024- 25 വർഷത്തെ ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഏഴുകോടി രൂപയും, 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ 8.24 കോടി രൂപയും ചേർത്താണ് റോഡ് നവീകരണത്തിനുള്ള 15.24 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്.
റോഡിന്റെ നവീകരണത്തോടൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പഴയതും കേടുപാടുകൾ സംഭവിച്ചതുമായ കലുങ്കുകളുടെ പുനർനിർമാണം, പുതിയ കാനകളുടെ നിർമാണം, റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് അല്ലെങ്കിൽ ഇന്റർലോക്ക് പതിക്കൽ, ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കൽ, റോഡ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
പാലക്കാട് റോഡ് ഡിവിഷന് കീഴിലുള്ള ചിറ്റൂർ റോഡ്സ് സബ് ഡിവിഷനാണ് നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുക. നിർമാണം പൂർത്തിയാക്കുന്നതിന് എട്ടുമാസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോർഡുകൾ, മറ്റു തടസങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഗതാഗതത്തിനും തടസമാകുന്ന കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ജപമാലറാണി പള്ളിമുതൽ കൊല്ലങ്കോട് പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിനു ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ഏകദേശം നൂറ്റിയന്‍പതോളം വ്യക്തികൾക്കുള്ള നോട്ടീസ് വിതരണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
District News
ചിറ്റൂർ: താലൂക്കിൽ തെങ്ങുപരിപാലന തൊഴിലാളിക്ഷാമം രൂക്ഷമായതോടെ നാളികേര കർഷകർ വലയുന്നു. പ്രായാധിക്യംമൂലം പലരും തൊഴിൽ നിർത്തിയിരിക്കുകയാണ്.
കുറച്ചകാലം മുന്‍പുവരെ തമിഴ്നാട്ടിൽനിന്നുമാണ് കൂടുതൽ കൂലി ൽകി തൊഴിലാളികളെ തെങ്ങിനു തടമെടുക്കാൻ എത്തിച്ചിരുന്നത്.തമിഴ്നാട്ടിൽനിന്നു വിവിധ മേഖലകളിലുളള തൊഴിലാളികളുടെ വരവുകുറഞ്ഞതാണ് കേരകർഷകരെയും വെട്ടിലാക്കിയിരിക്കുന്നത്.
നിലവിൽ പവർടില്ലർ ഉപയോഗിച്ച് തടമെടുക്കുക മാത്രമാണ് ആശ്രയം.
തെങ്ങിൻതോപ്പുകളിൽ പവർടില്ലർ ഉപയോഗത്തിനു തെങ്ങൊന്നിനു ചെലവു കുറവാണെങ്കിലും വീടുകളിലും കുറച്ച് തെങ്ങുള്ളവർക്കും ചെലവ് താങ്ങാനാകുന്നില്ലെന്നും കർഷകർ പറയുന്നു.
District News
പാലക്കാട്: അവകാശങ്ങള്‍ക്കായി പോരാടാനും സ്കൂളുകളിലെ അധ്യാപകേതര നിയമനങ്ങളില്‍ കേള്‍വി, കാഴ്ചപരിമിതരെ നിയമിക്കുന്നതില്‍ വിമുഖത കാണിക്കുന്നതിനെതിരേ സമരപരിപാടികളുമായി മുന്നോട്ടു പോകാനും കേള്‍വിപരിമിതരുടെ കണ്വെന്ഷന് തീരുമാനിച്ചു. ഗവ. വിക്ടോറിയ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സ്മിത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
എ. മുരളി അധ്യക്ഷനായി. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്. പീറ്റര്‍, മാധ്യമ പ്രവര്‍ത്തകരായ വി.എം. ഷണ്മുഖദാസ്, ബീനാഗോവിന്ദ്, സുരേന്ദ്രന് കുത്തന്നൂര്‍, ഡോ. രേഷ്മ, ലത മോഹന്‍ദാസ്, പി.കെ. സിദ്ദിഖ്, ജി. സോമന് എന്നിവര്‍ പ്രസംഗിച്ചു.
District News
കോയമ്പത്തൂർ: സായിബാബ കോളനി ഭാരതി പാർക്ക് റോഡിലുള്ള ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രിൻസിപ്പൽ ഫാ. ആൻസൺ പനങ്ങാടന്റെ മാർഗനിർദേശപ്രകാരം സ്കൂൾ പോർട്ട്ഫോളിയോ അംഗങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
കറസ്പോണ്ടന്റ് ഫാ. തോമസ് അറക്കൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർഥികൾ അധ്യാപകർക്ക് ഉപഹാരങ്ങളും പൂച്ചെടികളും നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഫാ. ആൽസൺ പനങ്ങാടൻ അധ്യാപകർക്കായി സമർപ്പിച്ച് ആലപിച്ച ഗാനം ചടങ്ങിനു മാറ്റുകൂട്ടി.
District News
കോയമ്പത്തൂർ: പുലിയകുളം ചുങ്കം റോഡിലുള്ള കാർമൽ ഗാർഡൻ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിരമിച്ച അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്തി. റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ ഡൗൺടൗൺ ആണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ആരോഗ്യ തായുസ്, മറ്റു വിരമിച്ച അധ്യാപകരായ ജോ ധൻരാജ്, മൈക്കിൾസാമി, സാധാനന്ദം, റൊമാൽഡ് എന്നിവരെ റോട്ടറി ഡൗൺടൗൺ വൊക്കേഷണൽ സർവീസസ് ചെയർമാൻ ഡോ. സുമൻ ആദരിച്ചു.
റോട്ടേറിയൻമാരായ ഗോഡ്വിൻ, നഗപ്പൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂളിലെ അധ്യാപകരുടെ പെൻഷൻ ഫണ്ടിനായി ഒരുകോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കാൻ അലുമ്നി അസോസിയേഷൻ ലക്ഷ്യമിടുന്നതായി ചടങ്ങിൽ അറിയിച്ചു. 1999ലെ പൂർവവിദ്യാർഥി ബാച്ച് നൽകിയ ഒരുലക്ഷം രൂപയുടെ ആദ്യസംഭാവന അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡി. നന്ദകുമാർ ഏറ്റുവാങ്ങി. കാർമൽ ഗാർഡൻ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡി. നന്ദകുമാറും ചടങ്ങിൽ സന്നിഹിതനായിരുന്നു.
District News
പാലക്കാട്: മാതൃകാ അധ്യാപകര്‍ സമൂഹത്തിന്റെ അനിവാര്യതയാണെന്നും ഒരു തലമുറയെ നേര്‍വഴിക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് അധ്യാപക സമൂഹമെന്നും മുൻ മന്ത്രിയും ഗാന്ധിദര്ശന്സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി. കബീര്‍.
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ അധ്യാപകദിനാഘോഷവും മുതിര്‍ന്ന മാതൃകാ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വടക്കുംപുറം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. ഷാജു, രാജന് മുണ്ടൂര്‍, എൻ. അശോകൻ, എൻ. ജയപ്രകാശ്. എം. ഇർഷാദ്, അനുരൂപ് എന്നിവർ പ്രസംഗിച്ചു.
District News
തിരുപ്പൂർ: മാനസിക- ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ആശ്രയകേന്ദ്രമായ രാമനാഥപുരം രൂപതയുടെ മദർ തെരേസ പീസ് ഹോമിന്റെ പതിനൊന്നാമത് വാർഷികം വിപുലമായ പരിപാടികളോടെ വഞ്ചിപ്പാളയത്ത് ആഘോഷിച്ചു.
രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് അർപ്പിച്ച പരിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. ഫാ. ജിയോ കുന്നത്തുപറമ്പിലും, ഫാ. ചാൾസ് ചിറമേലും സഹകാർമികരായിരുന്നു.
സാന്തോം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിയോ കുന്നത്തുപറമ്പിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് മാർ പോൾ ആലപ്പാട്ട് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
തിരുപ്പൂർ ജില്ലാ ഡിസേബിൾഡ് വെൽഫെയർ ഓഫീസർ ജഗജ്യോതി, പുതുപ്പാളയം പഞ്ചായത്ത് സെക്രട്ടറി ശിവരാജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. തിരുപ്പൂർ മൗണ്ട് കാർമൽ പള്ളി വികാരി ഫാ. ചാൾസ് ചിറമേൽ, കോർ കമ്മിറ്റി അംഗം ഡോ. കുര്യാച്ചൻ എന്നിവർ ആശംസകൾ നേർന്നു. പീസ് ഹോമിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി.
സന്യാസ സമർപ്പിത ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന മദർ സിസ്റ്റർ. ബീന ചിലമ്പികുന്നേലിനെ ചടങ്ങിൽ ആദരിച്ചു. നിർമല ദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിബി റോസ് കളത്തി, സിസ്റ്റർ പുഷ്പ അന്തിക്കാടൻ, സിസ്റ്റർ റോസിലി കൂട്ടാല, ഏഴുവർഷമായി ഇവിടെ സേവനം ചെയ്യുന്ന മഞ്ജു എന്നിവരേയും ആദരിച്ചു. പീസ് ഹോം ഡയറക്ടർ ഫാ. ഡെയറിൻ പള്ളിക്കുന്ന് നന്ദി പറഞ്ഞു.
District News
കണ്ണൂര്‍: ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസുകൾ വ്യാപിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി സർവീസിലേക്ക് താത്പര്യമുള്ള സ്വകാര്യബസുകളെയും ഉൾപ്പടുത്തുന്നതും പരിഗണനയിലുണ്ട്.
അധിക ബാധ്യതയും നഷ്ടവും കുറച്ച് സംസ്ഥാനത്തുടനീളമുള്ള പ്രദേശിക റൂട്ടുകളില്‍ കൂടുതല്‍ ബസുകൾ ഓടിക്കുന്നതിനെക്കുറിച്ചാണ് പദ്ധതി തയാറാക്കുന്നത്. സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനി സർവീസോടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു കൂടിയാണ് ഗ്രാമവണ്ടി സർവീസിലേക്ക് സ്വകാര്യ ബസുകളെയും പരിഗണിക്കാൻ പ്രേരിപ്പിച്ചത്.
സ്വകാര്യ ബസുടമകൾ ഗ്രാവണ്ടി സർവീസിന് തയാറാകുകയാണെങ്കിൽ പെർമിറ്റ് അനുവദിക്കും. ഇതിൽനിന്നുള്ള വരുമാനം പൂർണമായും അവർക്കു തന്നെ എടുക്കാനുമാകും. എന്നാൽ സ്വകാര്യ ബസുകളെ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പടുത്തുന്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ചുള്ള അന്തിമരൂപം ആകുന്നേയുള്ളൂ.
ഗ്രാമവണ്ടി ബസുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്പോണസര്‍ ചെയ്യാനുതകുന്ന തരത്തിലേക്ക് പദ്ധതി വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഗ്രാമവണ്ടി സർവീസ് നടത്തുന്പോൾ ഇന്ധനച്ചെലവ് തുക തദ്ദേശഭരണകൂടമാണ് നൽകേണ്ടത്. ഇത്തരം സർവീസുകൾക്ക് ഇന്ധനത്തിനായി ചെലവാകുന്ന തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ ശന്പള, ബസുകളുടെ അറ്റകുറ്റപണി ഉൾപ്പടെയുള്ള മറ്റു ചെലവുകൾ കെഎസ്ആർടിസി വഹിക്കും. ഡിപ്പോയിൽ നിന്ന് അകലെയുള്ള പ്രദേശത്താണ് സർവീസെങ്കിൽ രാത്രിയിലെ ഹാൾട്ടിംഗ്, ജീവനക്കാർക്കുള്ള താമസ സൗകര്യം എന്നിവയും തദ്ദേശഭരണസ്ഥാപനം ഒരുക്കി നൽകണം. എംഎൽഎമാർ നിർദേശിക്കുന്ന ഗ്രാമവണ്ടി റൂട്ടുകൾക്ക് മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.
പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിവിധ ജില്ലകളിലെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവയുടെ സർവീസുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതുതായി 503 റൂട്ടുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ റൂട്ടുകളിലേക്ക് കൂടുതലായും കെഎസ്ആർടിസി ഗ്രാമവണ്ടികളും സ്വകാര്യബസുകളുപയോഗിച്ചുള്ള ഗ്രാമസർവീസുകളും നടത്തുക.
ജന്മദിനം, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, വാർഷികാഘോഷം, പോലുള്ള വിശേഷ അവസരങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ദിവസത്തെയോ, ഏതെങ്കിലും ട്രിപ്പുകളും പൊതുജനങ്ങൾക്ക് സ്പോൺസർ ചെയ്യുകയും ചെയ്യാം. സ്പോണ്‍സറുടെ വിവരങ്ങള്‍ പ്രത്യേകം ഡിസ്പ്ലേ ചെയ്യും. ഡിസ്പ്ലേ ബോർഡിൽ ടിവി ചാനലുകളിൽ വരുന്നതു പോലെ പരസ്യങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
District News
കൂത്തുപറമ്പ്: നിര്മലഗിരിയിൽ പൊതുസ്ഥലത്ത് ഉണ്ടായ കെഎസ്യു -എസ്എഫ്ഐ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ തിരിച്ചറിഞ്ഞ രണ്ടു പേരും കണ്ടാലറിയാവുന്ന പതിനെട്ടു പേരുമടക്കം 20 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേയും പൊലിസ് കേസെടുത്തു.
കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 26 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലിസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് നിര്‍മലഗിരി കോളജ് ഗേറ്റിനു പുറത്ത് സംഘര്‍ഷമുണ്ടായത്.
കോളജ് യൂണിയന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോളജ് കവാടത്തിന് മുന്നില്‍ റോഡില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ തിരിച്ചറിഞ്ഞ ആറു പേര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൂത്തുപറമ്പ് പൊലിസ് കേസെടുത്തിരുന്നു.
District News
കാസര്‍ഗോഡ്: അന്വേഷണം എങ്ങുമെത്താതിരിക്കുന്ന കേസുകള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തെളിയിക്കുക എന്നത് കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ ശീലമായിരുന്നു. ദുരൂഹത നിറഞ്ഞ ഇരുമ്പറകളുടെ പൂട്ടുകള്‍ ഓരോന്നും ആ വയനാട് സ്വദേശിയായ ഉദ്യോഗസ്ഥന്റെ അന്വേഷണമികവിനു മുന്നില്‍ തകര്‍ന്നുവീണു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാലത്ത് ലോക്കല്‍ പൊലിസ് അന്വേഷിച്ച് എങ്ങുമെത്താതിരുന്ന പ്രമാദമായ രണ്ടു കൊലക്കേസുകളാണ് ജോണ്സണ് തെളിയിച്ചത്. തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവം തെളിയിച്ചത് ജോണ്സണ് ആയിരുന്നു. തിരുവനന്തപുരം പൂവാര്‍ ഊരൂട്ടമ്പലത്തെ ദിവ്യയെയും രണ്ടുവയസുകാരി മകള്‍ ഗൗരിയെയും തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കാമുകന് മാഹിന്‍കണ്ണിനെ പിടികൂടിയത് ജോണ്സണ് ആയിരുന്നു.
11 വര്‍ഷമായി എങ്ങുമെത്താതിരുന്ന കേസാണ് ജോണ്സണ് വിജയകരമായി പര്യവസാനിപ്പിച്ചത്. ഈ രണ്ടു കേസുകളും അന്വേഷിക്കുന്ന കാലത്ത് ഡി. ശില്പയായിരുന്നു തിരുവനന്തപുരം എസ്പി. പിന്നീട് ശില്പ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
2023 ഏപ്രില്‍ 14നാണ് കാസര്‍ഗോഡ് പള്ളിക്കര പൂച്ചക്കാട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ (55) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗഫൂര്‍ ഹാജിയുടെ പക്കലുണ്ടായിരുന്ന 596 പവന് സ്വര്‍ണാഭരണങ്ങള്‍ മരണശേഷം കാണാതായതോടെയാണ് പരാതിയുമായി ബന്ധുക്കളെത്തുന്നത്. ബേക്കല്‍ പൊലിസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തില്‍ പൊലിസിന് അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. 2024 ഒക്ടോബര്‍ 16നാണ് ജോണ്സണ് കാസര്‍ഗോഡ് ഡിസിആര്‍ബി (ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ) ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ജോണ്‍സന്റെ അന്വേഷണവൈഭവം നന്നായി അറിയാവുന്ന ശില്പ കേസ് നവംബര്‍ ഒന്നിന് ജോണ്സന് കൈമാറി. അന്വേഷണം ആരംഭിച്ച് ഒരു മാസം കൊണ്ട് പ്രതികളായ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും അവരുടെ സഹായികളെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ജോണ്സന് കഴിഞ്ഞു.
ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ ഇയാളുടെ വീട്ടില്‍വച്ച് ജിന്നിനെ ഒഴിവാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും മന്ത്രവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് ജോണ്‍സന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്നറിയപ്പെടുന്ന കെ.എച്ച്.ഷമീമ (38), ഭര്‍ത്താവ് ടി.എം.ഉബൈസ് (38), സഹായികളായ പി.എം.അസ്നിഫ (34), എ.ആയിഷ (40) എന്നിവര്‍ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.
കോഴിക്കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരിക്കേ അസുഖബാധിതനായി 52കാരനായ ജോൺസൻ കഴിഞ്ഞദിവസം വിടപറഞ്ഞപ്പോൾ കേരള പോലീസിന് നഷ്ടമായത് മികച്ച ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ്.
District News
കണ്ണൂർ: കാൽമുട്ട് , ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചികിത്സയിൽ രാജ്യം ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ആർത്രോപ്ലാസ്റ്റി കോൺക്ലേവ്. യഥാസമയം ചികിത്സ ലഭ്യമാക്കാതിരിക്കുന്നതാണ് പലപ്പോഴും രോഗം സങ്കീർണമാകാൻ കാരണം. ഈ മേഖലയിലെ ചികിത്സാ രീതികളെ രോഗികളും ബന്ധുക്കളും ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. ഇത്തരമൊരു കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കോൺക്ലേവ് അഭിപ്രായപ്പെട്ടു.
കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ നടന്ന കോൺക്ലേവ് ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ ആർത്രോപ്ലാസ്റ്റി ചെയർപേഴസൺ ഡോ. ശുഭ്രാൻഷു മൊഹന്തി ഉദ്ഘാടനം ചെയ്തു. ആർത്രോപ്ലാസ്റ്റി ചികിത്സാരംഗത്ത് രാജ്യം മികച്ച നേട്ടം കൈവരിക്കാൻ കാരണം ഈ മേഖലയിലുള്ള ഡോക്ടർമാരുടെ ആത്മസമർപ്പണമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. നാരായണ പ്രസാദ് അധ്യക്ഷത വഹിച്ചു.
കോൺക്ലേവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാർ വിവിധ സെഷൻസുകൾക്ക് നേതൃത്വം നൽകി. പാനൽ ഡിസ്കഷൻസും ശിൽപശാലകളും നടന്നു.150 ഓളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുത്തു. ഇടുപ്പ് , മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് റോബോട്ടിക് വർക്ക് ഷോപ്പും നടന്നു. ഡോ. നവീൻ സി. ബാലൻ, ഡോ. അജിത് കുമാർ, ഡോ. കെ.എം. സജിൻ, ഡോ. അനീൻ എൻ. കുട്ടി, ഡോ.സി.കെ. രാജമോഹനൻ, ഡോ.അനൂപ് ജെ. മറ്റം എന്നിവർ പ്രസംഗിച്ചു. ഡോ. എ.ജെ. ഷെരീഫ്, ഡോ. ഹിഷാനിൽ, ഡോ. രാഹുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
District News
വായാട്ടുപറമ്പ്: തലശേരി അതിരൂപത കോർപറേറ്റ്തല അധ്യാപക ദിനാഘോഷം വായാട്ടുപറന്പ് സെന്റ് ജോസഫ് യുപി സ്കൂളിൽ നടന്നു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. സോണി വടശേരി മുഖ്യപ്രഭാഷണം നടത്തി അധ്യാപകരെ ആദരിച്ചു.
മുഖ്യാധ്യാപകൻ വി.എം. തോമസ്, വാർഡ് മെംബർ സി. സി.രാജൻ, വായാട്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റിൻസി ജോസഫ്, ടീച്ചേഴ്സ് ഗിൾഡ് പ്രതിനിധി ജിമ്മി സൈമൺ, പിടിഎ പ്രസിഡന്റ് പി. പി.അജേഷ്, മാത്യു ടി.ജോസ്, സെക്രട്ടറി സിമി തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ നൃത്തം, പ്രസംഗം, കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു . സംസ്ഥാന വടംവലി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ല വടംവലി ടീമിലെ ജേതാക്കളായ യുപി സ്കൂളിലെ കുട്ടികളെ ആദരിച്ചു.
District News
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)യുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി കണ്ണൂരിൽ സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ് നടത്തി. പുരുഷ വിഭാഗം മത്സരങ്ങളിൽ കോട്ടയത്തെ ഡോ. കരുൺ ബാലകൃഷ്ണൻ, പാലക്കാടിന്റെ ഡോ. മൻഷീർ, വനിതാ വിഭാഗത്തിൽ എറണാകുളത്തെ ഡോ. എസ്. സൗമ്യ, കൊല്ലത്തിന്റെ ഡോ. നിഷ എന്നിവർ സ്ട്രോംഗസ്റ്റ് ചാന്പ്യൻമാരായി. തിരുവനന്തപുരത്തെ പി.ആർ. ഡോ. സുനീർ വെറ്ററൻ വിഭാഗം ചാന്പ്യനായി.
തലശേരി ഐഎംഎ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ നടന്ന ചാന്പ്യൻഷിപ്പ് ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എം.എൻ. മേനോൻ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേശ് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആ൪. ചന്ദ്രൻ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ബാബു രവീന്ദ്രൻ, നിയുക്ത ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ.അരുൺ ജി. നായർ , ഡോ. സുൽഫിക്കർ അലി , ഡോ.മിനി ബാലകൃഷ്ണൻ, ഡോ.ലത മേരി ജോസ്, തലശേരി ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പടിയൂർ നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മൃതദേഹം ജപ്പാനിൽ തന്നെ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കുമെന്ന് ദേവികയുടെ അച്ഛൻ അറിയിച്ചു.
കഴിഞ്ഞ രണ്ടിന് ഇന്ത്യൻ സമയം രാത്രി 8.30 വരെ ദേവിക മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് മൂന്നും നാലും തീയതികളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെയാണ് നാലിന് ഉച്ചയോടെ ദേവികയെ കാണാതായ വിവരം ജപ്പാനിൽനിന്ന് കുടുംബത്തെ അറിയിച്ചത്. തുടർന്ന് ട്രെയിൻ തട്ടി മരിച്ചെന്ന വിവരവും ലഭിച്ചു.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ബുള്ളറ്റ് ട്രെയിൻ തട്ടി ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് കുടുംബത്തിന് വിവരം ലഭിച്ചത്. സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച ദേവിക ജപ്പാനിൽ നഴ്സിംഗ് കെയറായി ജോലി ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്ത് സമ്മർദവും ശകാരവും ഉണ്ടായിരുന്നതായും ജോലി മടുത്തതായി ദേവിക പറഞ്ഞിരുന്നതായും പിതാവും ബന്ധുക്കളും പറയുന്നു. ഇതാകാം മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ സംശയം.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലിസ്, നോർക്ക, ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ പരാതി നൽകാൻ കുടുംബം ഒരുങ്ങുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായതിനാലാണ് ജപ്പാനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. തുടർന്ന് ചിതാഭസ്മം നാട്ടിലെത്തിച്ച് കർമങ്ങൾ നടത്താനും കുടുംബം ശ്രമിക്കുന്നുണ്ട്.
District News
മാഹി : പ്രസിദ്ധ തീർഥാടന കേന്ദ്രമായ വിശുദ്ധ അമ്മ ത്രേസ്യ യുടെ നാമധേയത്തിലുള്ള മാഹി ബസിലിക്കയിൽ ഈ വർഷത്തെ തിരുനാൾ ഒക്ടോബർ അഞ്ചു മുതൽ 22 വരെ നടക്കും. തിരുനാൾ ആഘോഷത്തിന്റെ മുന്നോടിയായുള്ള പന്തൽ കാൽനാട്ട് കർമം ഇന്നലെ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. അസിസ്റ്റന്റ് വികാരി. ഫാ. ബിനോയ് ഏബ്രഹാം, പാരിഷ് കൗൺസിൽ സെക്രട്ടറി പോൾ ഷിബു. പന്തൽ കമ്മിറ്റി കൺവീനർമാരായ കവിത ജയിൻ ഫെർണാണ്ടസ്,ബെറ്റി ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.
പാരിഷ് കൗൺസിൽ അംഗങ്ങളും വിവിധ കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും പങ്കെടുത്തു. തുടർന്ന് തിരുനാൾ ആഘോഷ നോട്ടീസ് പ്രകാശനം ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് നിർവഹിച്ചു.
ഒക്ടോബർ 14,15 തീയതികളിലാണ് പ്രധാന തിരുനാൾ നടക്കുക. ഒക്ടോബർ അഞ്ചിന് രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് വയ്ക്കുന്നതോടെ ആരംഭിക്കുന്ന തിരുനാൾ 22ന് തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.
District News
കൊട്ടിയൂർ: കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരമുള്ള കരട് വിജ്ഞാപനത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ കൊട്ടിയൂർ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം, സെക്രട്ടറി റെജി പി. മാത്യു എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നൽകിയ ആദ്യ റിപ്പോർട്ടിലെ ഇഎസ്എ മാപ്പ് മുതൽ 2026-ലെ കരട് വിജ്ഞാപനത്തോടൊപ്പമുള്ള മാപ്പ് വരെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 2024-ലെ മാപ്പ് പ്രകാരം 78.41 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പുതിയ മാപ്പിൽ ഇഎസ്എ 79.04 ചതുരശ്ര കിലോമീറ്ററായി വർധിച്ചിട്ടുണ്ട്. 0.63 ചതുരശ്ര കിലോമീറ്റർ അധികം ഇഎസ്എ പരിധിയിൽ വന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ഇഎസ്എ എവിടെയാണെന്ന് കണ്ടെത്താനും കരട് വിജ്ഞാപനം സംബന്ധിച്ച എതിർപ്പുകളും നിർദേശങ്ങളും സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കി വനാതിർത്തി വരെ മാത്രമായി ഇഎസ്എ നിശ്ചയിക്കണമെന്നാണ് സർക്കാർ തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. റിപ്പോർട്ട് സംബന്ധിച്ച് റവന്യൂ, വനം ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുമായി വിശദമായ ചർച്ച നടത്തി.
കരട് വിജ്ഞാപനം സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഈ മാസം 27 വരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം. പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്ത് ജനപ്രതിനിധികളുടെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും യോഗത്തിൽ അറിയിച്ചു. പരാതികൾ നേരിട്ടും ഇ-മെയിൽ വഴിയും തപാൽ മുഖേനയും സമർപ്പിക്കാം.
District News
മട്ടന്നൂർ: ഇന്ത്യയുടെ പാല്ക്കാരന് എന്നറിയപ്പെടുന്ന ഡോ.വര്‍ഗീസ് കുര്യന്റെ സ്മരണാർഥം മലബാറിലെ ഏറ്റവും മികച്ച പാലുത്പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സർവീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം ചാവശേരി പഴശിരാജ നഗർ ക്ഷീരോത്പാദക സഹകരണ സംഘം ഭാരവാഹികൾ ഏറ്റുവാങ്ങി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് നടന്ന പരിപാടിയിൽ മന്ത്രി റോജി എം.ജോണിൽ നിന്ന് സംഘം പ്രസിഡന്റ് എം.ഗീത, സെക്രട്ടറി അരുണ്‍ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഫൈസൽ ബാബു എംഎൽഎ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.സജിനി, മില്‍മ മലബാര്‍ റീജണൽ എംഡി എം.കെ. പ്രേംലാല്‍, സംഘം ചെയര്‍ പേഴ്സണ്‍ പ്രീമ മനോജ്, ടി.എം.വേലായുധന്, എ.ശിവദാസ്, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയയർപേഴ്സൺ സി.എന്‍.വിജയകൃഷ്ണന്, ഡയറക്ടര്‍ വി. സജീവ്, സാജു ജയിംസ് എന്നിവർ പ്രസംഗിച്ചു.
District News
പേരാവൂർ: മുങ്ങിമരണം ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പേരാവൂർ അഗ്നിരക്ഷാനിലയം, ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് മണത്തണ എന്നിവയുടെ സഹകരണത്തോടെ ശാസ്ത്രീയ നീന്തൽ പരിശീലന പരിപാടി നടത്തി.
അഞ്ച് ബാച്ചുകളിലായി 210 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം 186 കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് പരിശീലനം നൽകിയത്. സ്റ്റേഷൻ ഓഫീസർ കെ. എ.ജിനേഷിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബാബു ആയോടൻ , ടി.കെ. വിനു, വി.വി.ഫ്രാൻസിസ് , എം. രമേഷ് കുമാർ,കെ. സിജു, ജിതിൻ ശശീന്ദ്രൻ, സി.പി. വിജേഷ്, പി.വി.അനോഗ്, ടി.ജെ. റോബിൻ, വി.അനിത്ത്, പി. റസിൽ , എൻ.സജേഷ് എന്നിവരാണ് പരിശീലനം നൽകിയത്.
District News
ഇരിട്ടി: ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായ "ബാല്യസ്പന്ദനം' പരിപാടി ആറളം ഫാമിലെ വളയംചാൽ അങ്കണവാടിയിൽ ആറളം ഗ്രാമപഞ്ചായത്തംഗം സബിത ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം ആറളം ഫാം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കിരൺ എം. ജോയ് അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരായ പ്രീതി, അമല, ഫസ്ന, അക്ഷര, ഊരുമിത്രം ധന്യ, അഖില എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ആറളം ഫാം കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അങ്കണവാടികളിലെ കുട്ടികൾക്ക് സ്ക്രീനിംഗ് ക്യാമ്പും മാതാപിതാക്കൾക്ക് വ്യക്തി ശുചിത്വത്തെയും കുട്ടികളെ അങ്കണവാടികളിൽ അയക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ചും ബോധവത്കരണ ക്ലാസും നടത്തി.തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ഫാമിലെ എല്ലാ അങ്കണവാടികളിലെയും കുട്ടികളെ സ്ക്രീനിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
District News
ഇരിട്ടി: ഒന്‍പതു വർഷം മുന്‍പ് മഹാപ്രളയത്തിൽ തകർന്ന ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കണം. നിർമാണം വൈകിയതോടെ പാലം പൂർത്തിയാക്കാനുള്ള കാലാവധി ഡിസംബർ വരെ നീട്ടി നൽകി. നവംബറോടെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കരാറുകാർ പറയുന്നത്.
19 മീറ്റർ നീളമുള്ള പാലവും ഇരുകരകളിലുമായി നാലുമീറ്റർ വീതിയിലുള്ള അപ്രോച്ച് റോഡുമാണ് പദ്ധതിയിലുള്ളത്. മഴ ശക്തമായതോടെ പ്രധാന സ്ലാബിന്റെ കോൺക്രീറ്റ് ഉൾപ്പെടെയുള്ള ജോലികൾ തടസപ്പെട്ടു. പുഴയിലെ ഒഴുക്ക് ശക്തമായതിനാൽ കോൺക്രീറ്റിനുള്ള തൂണുകൾ ഉറപ്പിക്കുന്ന ജോലികൾ നടത്താനാകാത്തതാണ് നിർമാണം വൈകാൻ കാരണമെന്ന് കരാറുകാരൻ പറഞ്ഞു.
2018ലെ പ്രളയത്തിൽ പാലം തകർന്നതോടെ പ്രദേശം ഒറ്റപ്പെട്ടപ്പോൾ നാട്ടുകാരുടെ യാത്രാ സൗകര്യത്തിനായി സൈന്യം ഇടപെട്ട് താത്കാലിക പാലം നിർമിച്ചിരുന്നു. പിന്നീട് താത്കാലിക പാലവും തകർന്നതോടെ നാട്ടുകാർ നിർമിച്ച മരപ്പാലത്തെയാണ് വർഷങ്ങളായി ആശ്രയിച്ചു വരുന്നത്.
മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന പാലം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷത്തിനകം പുനർനിർമിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി നീണ്ടുപോകുകയായിരുന്നു.
മാഞ്ചോട്, കരടിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് എടപ്പുഴ, കരിക്കോട്ടക്കരി ടൗണുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള പ്രധാന മാർഗമായിരുന്നു മാഞ്ചോട് പാലം.
District News
കേളകം: ഉരുൾ പൊട്ടലിലും കനത്ത മഴയിലും ഒഴുകിയെത്തിയ ചെളിയും പാറക്കല്ലുകളും ഉൾപ്പടെ അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്നത് മലയോരത്തെ പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നു. മലയോരത്തെ പ്രധാന ജലസ്രോതസുകളായ ചീങ്കണ്ണിപ്പുഴ, പാലപ്പുഴ, കക്കുവപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവയുടെ സ്വാഭാവിക ഒഴുക്കാണ് തടസപ്പെടുന്നത്.
സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നതോടെ പുഴ കരഭാഗത്തേക്ക് കയറി ഒഴുകുന്നുണ്ട്. ഇത് കരയിടിച്ചിലിന് ഇടയാക്കുന്നു. പുഴകളുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ മഴക്കാലത്ത് പുഴ കരകവിഞ്ഞ് വലിയ നാശനഷ്ടങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണ് പുഴയോര വാസികൾ.
മലയോര ജനതയുടെ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ഉൾപ്പെടെ ഏറെ ആശ്രയിക്കുന്ന ജലസ്രോതസുകളാണ് ഇൗ പുഴകൾ. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ശാസ്ത്രീയ പരിശോധന നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
District News
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളുടെ നേതൃത്വത്തിൽ അധ്യാപകദിനം ആചരിച്ചു. കേഡറ്റുകൾ തയാറാക്കിയ അധ്യാപകദിനാശംസാ കാർഡുകളുടെ പ്രകാശനം മുഖ്യാധ്യാപകൻ എം.യു. ജോസ് കുട്ടി നിർവഹിച്ചു.
തുടർന്ന് അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ആശംസാ കാർഡുകളും ഉപഹാരങ്ങളും നൽകി കേഡറ്റുകൾ ആദരിച്ചു. അധ്യാപകദിന സന്ദേശം കേഡറ്റ് ആദ്യാ പി. പ്രകാശ് നൽകി. ജെആർസി കൗൺസിലർ മായ കെ. ജോർജ്, സീനിയർ അസിസ്റ്റന്റ് ജോമി ജോർജ്, സ്റ്റാഫ് സെക്രട്ടറി പി.സി. ജെയിസൺ, കൈറ്റ് മാസ്റ്റർ ഇ.കെ. ശ്രീഹരി എന്നിവർ പ്രസംഗിച്ചു. കാഡറ്റുകളായ സിബിൽ ബിനു, ജാക്വിലിൻ ജോസഫ്, ഇവാൻ ജോസഫ് അനൂപ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
District News
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ ഡെഫ് മിനിസ്ട്രിയായ "സൈന്‍സ് ഓഫ് ഗ്രേസ്' ന്റെ നേതൃത്വത്തില്‍ കേള്‍വി ശക്തി ഇല്ലാത്തവര്‍ക്കും കേള്‍വി പരിമിതിയുള്ളവരുമായ കത്തോലിക്കര്‍ക്കായി പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇന്നലെ രാവിലെ പിലാത്തറ സെന്റ് ജോസഫ്സ് കോളജ് ചാപ്പലിലാണ് ശ്രദ്ധേയമായ ഈ പ്രത്യേക ദിവ്യബലിയര്‍പ്പണം നടത്തിയത്.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രധാന കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ഫാ. ജോളി അല്‍ഫോണ്‍സ് ആംഗ്യഭാഷാ വ്യാഖ്യാതാവായി. കേള്‍വി പരിമിതിയുള്ള വിശ്വാസികള്‍ക്ക് ദൈവവചന സന്ദേശങ്ങളും പ്രാര്‍ഥനകളും ആംഗ്യഭാഷയിലൂടെ മനസിലാക്കാനും ആരാധനയില്‍ സജീവമായി പങ്കുചേരാനും ഈ ശുശ്രൂഷ അവസരമൊരുക്കി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ഇരുപതോളം പേര്‍ക്കായാണ് ഡെഫ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടത്തിയത്.
District News
ആലക്കോട്: കേരള പൊലിസിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അർഹനായ ആലക്കോട് പൊലിസ് സ്റ്റേഷനിലെ എഎസ്ഐ പി.കെ. മുഹമ്മദലിയെയും അധ്യാപക ദിനത്തോടനുബന്ധിച്ച് വിരമിച്ച അധ്യാപകരെയും വോയിസ് ഓഫ് സോഷ്യൽ ജസ്റ്റിസ് ആദരിച്ചു.
ആലക്കോട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങ് ആലക്കോട് സിഐ എം.പി. ഷാജി ഉദ്ഘാടനം ചെയ്തു. വർഗീസ് പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു.വിരമിച്ച അധ്യാപകരായ കെ. സദാശിവൻ, പി.കെ. ഗിരിജാമണി, വി.സി. മേരിക്കുട്ടി എന്നിവരെ ആദരിച്ചു. പി.കെ. മുഹമ്മദലി, ജോൺസൺ മഞ്ഞക്കുന്നേൽ, ലാലു കുന്നപ്പള്ളി, അപ്പുക്കുട്ടൻ സ്വാമിമഠം, യു.എം. ബുഷ്റ, വർക്കി മൂഴിയാങ്കൽ, മാർട്ടിൻ തോണിപ്പാറ, ഗിരിജാമണി എന്നിവർ പ്രസംഗിച്ചു.
District News
ചെങ്ങളായി: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയോടെ ചെങ്ങളായി മുക്കാടം വയലിലായിരുന്നു സംഭവം. തളിപ്പറമ്പിൽ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോവുകയായിരുന്ന കാർ റോഡിന്റെ വലതുവശത്തേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. എതിർദിശയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇരിക്കൂർ പെരുമണ്ണ് സ്വദേശി വിമുക്തഭടൻ സി.വി. പദ്മനാഭന്റേതാണു കാർ. അദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാർ കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്താണ് പദ്മനാഭനെ പുറത്തെടുത്തത്. അപകടത്തിൽ പദ്മനാഭൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശ്രീകണ്ഠപുരം പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
District News
ശ്രീകണ്ഠപുരം: എഐവൈഎഫ് കണ്ണൂർ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം ശ്രീകണ്ഠപുരത്ത് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: സി. രവീന്ദ്രൻ - ചെയർമാൻ, പി.വി. ഷൈജു -ജനറൽ കൺവീനർ, കെ.പി. സജീഷ് -ട്രഷറർ. സമ്മേളനം ഒകടോബർ 11, 12,13 തീയതികളിലായി ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിലാണ് നടക്കുക. പൊതുസമ്മേളനം ഒക്ടോബർ 11 ന് ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ നടക്കും. സമ്മേളനത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കും.
District News
തടിക്കടവ്: മണാട്ടി വയോജനവേദിയുടെയും ചപ്പാരപ്പടവ് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ ക്യാമ്പും മരുന്നു വിതരണവും നടത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയതു. പഞ്ചായത്തംഗം ധന്യ ജോയിസൺ അധ്യക്ഷത വഹിച്ചു. എത്സമ്മ പാനപ്പള്ളി, തോമസ് ചെറിയാൻ, എത്സമ്മ ഉറവിൽ, കമലാക്ഷി രാജൻ, കെ.സി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. ഡോ. ജി. മേഘ, ഡോ. ആശ രവി എന്നിവർ നേതൃത്വം നൽകി.
District News
പയ്യാവൂർ: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) കണ്ണൂർ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ് ഇരിട്ടി കെ.കെ. ടൂറിസ്റ്റ് ഹോമിലെ ‘എൽ. ജഗൻ റെഡ്ഢി നഗറിൽ' നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. ലക്ഷ്മണൻ, തോമസ് അയ്യങ്കാനാൽ, എൻ.വി. തോമസ്, പവിത്രൻ എം. പായം എന്നിവരെ ആദരിച്ചു. പി.വി. രാജൻ, എം.എം. ജെയിംസ് എന്നിവർ പ്രസംഗിച്ചു. ജെസിഐ ഇന്ത്യ ട്രെയ്നർ വി.എം. മഹേഷ് ക്ലാസ് നയിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്.
District News
കാസര്‍ഗോഡ്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങളിലൊന്നായ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി, ഓര്‍ത്തോ, സര്‍ജറി, ഫിസിഷ്യന്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവും അവധിയും ചികിത്സയെ ബാധിക്കുന്നുണ്ട്. ദിവസേന പാവപ്പെട്ട ആയിരക്കണക്കിന് പേര് ആശ്രയിക്കുന്ന ആശുപത്രിയില്‍ വിദഗ്ധ ചികിത്സയുടെ ലഭ്യമല്ലാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
200 ലേറെ പ്രസവകേസുകള്‍, ഒരു ഗൈനക്കോളജിസ്റ്റ്
പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറല്‍ ആശുപത്രിയില്‍ പ്രസവ വിഭാഗത്തില്‍ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടര്‍ മാത്രം. നേരത്തെ മൂന്നു ഡോക്ടര്‍ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ നാലു ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതെ മൂന്നു മാസമായി.
ഈ രണ്ടു വിഭാഗങ്ങളിലും ഉള്ളവര്‍ പുറത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് സ്വകാര്യ ആശുപ്രതികളിലേക്ക് ഉള്‍പ്പെടെ റഫര്‍ ചെയ്യുന്നു. നിലവില്‍ ഓര്‍ത്ത വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണ് വേണ്ടത്. ഇപ്പോള്‍ ഉള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. അദ്ദേഹം അവധിയെടുക്കുമ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പകരം ഡോക്ടറെ വരുത്തിയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കുന്നത്.
അപകടങ്ങളില്പ്പെട്ടവരും അസ്ഥി സംബന്ധമായ വിവിധ അസുഖങ്ങളുള്ളവരും ഉള്‍പ്പെടെ നിരവധി രോഗികള്‍ ചികിത്സ തേടുന്ന വിഭാഗമാണിത്. സ്ഥിരമായി രണ്ടു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തത് ചികിത്സയ്ക്ക് തടസമായി മാറുന്നു. സര്‍ജറി വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല.
നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് വിഭാഗത്തിലുള്ളത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഈ കുറവ്. അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്ക് സര്‍ജറി വിഭാഗത്തിന്റെ സേവനം നിര്‍ണായകമാണ്. ജീവനക്കാരുടെ കുറവ് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നുണ്ട്. ഫിസിഷ്യന്‍ വിഭാഗത്തിലെ ഡോക്ടറും അവധിയിലാണ്. ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ദിവസേന വലിയ തോതില്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നതിനാല്‍ ഡോക്ടറുടെ അഭാവം ഒപി സേവനത്തെയും തുടര്ചികിൽസയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടര്‍ ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ ദിവസം ഇരുനൂറിലേറെ പേരാണ് പനി ബാധിച്ച് എത്തുന്നത്. പനി വ്യാപകമായി പടരുന്നു എന്നു മാത്രമല്ല കുടുംബം ഒന്നാകെയാണ് കിടപ്പിലാകുന്നത്. ഈ സാഹചര്യത്തില്‍ ജനറല്‍ ആശുപ്രതിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിച്ച് മുഴുവന്‍ സമയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ ആശുപ്രതിയില്‍ അത്യാഹിത വിഭാഗത്തില്‍ പോലും നീണ്ട ക്യൂ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഏറെയും പേര് സ്വകാര്യ ആശുപ്രതികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും നിശ്ചിത സമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്.
ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകാറുണ്ട്. ഒരേ സമയം നാലു മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറാണ് കേടാകുന്നത്. ഫ്രീസര്‍ തകരാറിലായിട്ടും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയുണ്ടാകാറില്ല. രണ്ടുവര്‍ഷം മുമ്പ് നവീകരിച്ച പേവാര്‍ഡിന്റെ സ്ലാബുകള്‍ ഇളകിയതിനെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. ഇഎന്‍ടി, സ്കിന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മാത്രമാണ് നിലവില്‍ കാര്യക്ഷമമായി നടക്കുന്നത്.
District News
കാസര്‍ഗോഡ്: ജില്ലയിലെ സ്കൂള്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശിച്ചു. പദ്ധതികള്‍ക്കാവശ്യമായ തുക കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. സ്കൂള്‍തല കായികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച കായികതാല്പര്യമുള്ള കുട്ടികളെ ചെറുപ്പം മുതലേ കണ്ടെത്തി പ്രത്യേക പരിശീലനംനലകുന്നതിനുമുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലയിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സ്കൂള്‍ കായികപ്രതിഭകള്‍ക്ക് പരിശീലനത്തിനായി സൗജന്യമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശീലനത്തിനെത്തുന്ന കുട്ടികളുടെയും അധ്യാപകരുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറണം. സ്വകാര്യ സ്ഥാപനങ്ങളും അക്കാദമികളും പരിശീലകരും കായികവികസനത്തിന് പിന്തുണ നല്‍കണമെന്നും ജിംനേഷ്യം അസോസിയേഷന് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും.
കായികരംഗത്ത് കുട്ടികളെ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കുന്നതിന് സമൂഹത്തിന്റെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. അധ്യാപക-രക്ഷാകര്‍തൃ സമിതികളും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും സജീവമായ സ്കൂളുകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ സ്കൂളുകളും ഇതിന് സന്നദ്ധമാകണം. തദ്ദേശസ്ഥാപനങ്ങള്‍ കായികരംഗത്തിനായി പദ്ധതിള്തയ്യാറാക്കി തുക വകയിരുത്തണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ കായികവികസനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കായികമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അറിയിച്ചു. ആവശ്യമായ തുക ഈ വര്‍ഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്പോര്‍ട്സിന് തുക നിര്‍ബന്ധമായും വകേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
മെഡല്‍ നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ത്രോ ഇനങ്ങള്‍, കബഡി, തെയ്ക്കൊണ്ടോ, ഫുട്ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. പരിശീലനത്തിനായി സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ് പൂള്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സൗജന്യമായി അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കബഡി പരിശീലനത്തിനാവശ്യമായ മാറ്റ് ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ സംസ്ഥാന സ്കൂള്‍ കായികമേള സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. മികച്ച ഗ്രൗണ്ടുകളുടെയുംകായിക ഉപകരണങ്ങളുടെയും അഭാവമാണ് ജില്ലയിലെ കായിക മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ അക്കാദമികളെയും പരിശീലകരെയും അനുമോദിക്കുന്നതുള്പ്പെടെയുള്ള പിന്തുണ ജില്ലാ ഭരണകൂടം നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ്, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതിമോള്‍, ജില്ലാ സെക്രട്ടറി ബിജു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ പി.രാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
District News
നീലേശ്വരം: കണ്ണൂർ രൂപതക്ക് കീഴിലുള്ള കാഞ്ഞങ്ങാട് ഫൊറോന ബൈബിൾ കലോത്സവം തുടങ്ങി. സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ സ്റ്റേജിതര ഇനങ്ങളാണ് ആരംഭിച്ചത്.
ജൂനിയർ, സീനിയർ വിഭാഗത്തിലെ ചിത്രരചന പെൻസിൽ ഡ്രോയിംഗ്, ജലച്ചായം എന്നിവയിലാണ് മൽസരം നടന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാറ്റുരക്കുന്ന കലോത്സവത്തിൽ 35 ഇനങ്ങളിലായി മൽസരത്തിൽ 250 ൽപ്പരം പേർ പങ്കെടുക്കും.
12 ന് രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് സ്കൂളിലെ മൂന്ന് വേദികളിലായി വ്യക്തിഗത -സംഘ ഇനങ്ങളിലുമായി വിവിധ സ്റ്റേജിനങ്ങൾ അരങ്ങേറും. സംഘഗാനം, മാർഗംകളി, ഏകാംഗ നാടകം, തെരുവ് നാടകം, മതബോധന ആന്തം എന്നിവയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ളവർക്ക് മത്സരങ്ങളുണ്ട്.
District News
ഉദുമ: സിഐടിയു ജില്ലാസമ്മേളനത്തിഴന്റെ പ്രതിനിധി സമ്മേളനം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.പി.പി.മുസ്തഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.പി.ചിത്തരഞ്ജന്, ടി.കെ.രാജന് എന്നിവര്‍ സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍, കര്‍ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു. കെ.വി.കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു. ഇന്നു വൈകുന്നേരം നാലിന് ഉദുമ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
District News
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂൾ മുറ്റത്ത് ഇനി കുട്ടികൾക്ക് ഊഞ്ഞാലാടാം.അധ്യാപക ദിനത്തിൽ വിദ്യാർഥികൾക്ക് അധ്യാപകരുടെ വക സ്നേഹസമ്മാനമായി ഊഞ്ഞാൽ നൽകിയത് വേറിട്ട അനുഭവമായി.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക വികാസത്തിനും വേണ്ടിയാണ് അധ്യാപക ദിനത്തിൽ നിർമലഗിരി എൽപി സ്കൂളിലെ അധ്യാപകർ കുട്ടികൾക്കായി ഊഞ്ഞാൽ സ്ഥാപിച്ചതെന്ന് മുഖ്യാധ്യാപിക ഷാന്റി സിറിയക് പറഞ്ഞു. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഊഞ്ഞാൽ മാനേജർ ഫാ. ഡോ.ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
District News
ചെറുവത്തൂര്‍: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ വിവി മെമ്മോറിയല്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മീനാകുമാരി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന് അധ്യക്ഷ വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന് ദിനാചരണ സന്ദേശം നല്കി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ധന്യ ദയാനന്ദ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടു്തു.
ജില്ലാ പഞ്ചായത്തംഗം ഡോ.സറീന സലാം, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.പൂമണി, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ശശിധരന് പെരിങ്ങേത്ത്, പഞ്ചായത്തംഗം ശാന്ത കന്യാടില്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ഒ.എ.അജിതകുമാരി എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.അപര്‍ണ, ഡോ.ആര്.അജീഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എ.രാജ്മോഹന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.മഹേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
District News
കോതമംഗലം: ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവർക്കായി അന്വേഷണം ഊര്‍ജിതമാക്കി.
പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാന്‍ ഉപയോഗിച്ച മാരുതി കാറും പ്രതികളെയും പ്രാരംഭ അന്വേഷണത്തി നു ശേഷം തുടര്‍നടപടിക്കായി നേര്യമംഗലം റേയ്ഞ്ചിലെ വാളറ സ്റ്റേഷനിലേക്ക് ഇന്നലെ രാവിലെ കൈമാറി.
ശനിയാഴ്ച രാത്രി ഇരുമ്പുപാലത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്. ഒരു കൊമ്പാണ് പ്രതികളുടെ പക്കൽ ഉണ്ടായിരുന്നത്. കൊമ്പിന് ഏതാനും വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. പ്രതികള്‍ക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരുന്നു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേര്യമംഗലം റേയ്ഞ്ച് ഓഫീസര്‍ കെ.എസ്. ഷഹനാസ്, വാളറ ഡെപ്യൂട്ടി റേയ്ഞ്ചര്‍ കെ.സി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം.
District News
കൊച്ചി: വിമാനയാത്രക്കാർ ഉൾപ്പടെള്ളവരുടെ ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയിൽവേ സ്റ്റേഷന്റെ പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ രൂപകൽപന ചെയ്തിരിക്കുന്ന സ്റ്റേഷനിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം.
പദ്ധതി പൂർത്തിയായാൽ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻകൂടിയാകും ഇത്. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അറിയിച്ചു.
വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റെയിൽവേ ലൈനിനോടു ചേർന്ന് മേൽപാലത്തിന്റെ അടിയിലാണ് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകൾ ഉൾക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എയർ കണ്ടീഷൻ വെയിറ്റിംഗ് ഹാൾ, ടിക്കറ്റ് ബുക്കിംഗ് ഓഫീസ് എന്നിവ ഉണ്ടാകുമെങ്കിലും ജീവനക്കാർ കുറവായിരിക്കും.
റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. വിമാനത്താവളത്തിലേക്ക് മാത്രമായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക പാതയും ആലോചനയിലുണ്ട്.
വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാന യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിൽ നിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും ഒരുക്കും.റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാൽ സ്ഥലമേറ്റെടുക്കൽ ആവശ്യമായി വരില്ല. 19 കോടി രൂപയാണ് നിർമാണച്ചെലവു പ്രതീക്ഷിക്കുന്നത്.
2010ൽ ശിലാസ്ഥാപനം വരെ നടത്തിയ പദ്ധതി പിന്നീട് മുടങ്ങിപ്പോയിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ പദ്ധതി ജീവൻ വച്ചത്.
വരുന്നത് മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്
കൊച്ചി: കര, ജലം, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശേരിയിൽ വരുന്നത്.കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തി വരുന്നുണ്ട്.
വിമാനത്താവളത്തിന് മുന്നിലെ താജ് ഹോട്ടലിന് സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്.മെട്രോ സ്റ്റേഷനിൽ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്.
പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയിൽവേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബായി നെടുമ്പാശേരി മാറും.
District News
കൊച്ചി: ഡെപ്യൂട്ടി മേയർ ദീപക് ജോയി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥികളെ തീരുമാനിക്കാനാകാതെ മുന്നണികൾ. വിജയപ്രതീക്ഷ വയ്ക്കുന്ന കോൺഗ്രസിൽ സീറ്റിനായി തമ്മിലടി തുടങ്ങി. എൽഡിഎഫും ബിജെപിയും ഉചിതമായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ.
സാമുദായിക പ്രാതിനിധ്യം കണക്കിലെടുത്ത് ഇഴവ വിഭാഗത്തിൽ നിന്നുള്ള ആൾക്കാകും കോൺഗ്രസ് സീറ്റ് നൽകുക. അങ്ങനെ വന്നാൽ മുൻ മണ്ഡലം പ്രസിഡന്റ് മോഹൻദാസ്, ബ്ലോക്ക് ഭാരവാഹി അജിത്ത് കുമാർ എന്നിവരിൽ ആർക്കെങ്കിലും നറുക്ക് വീഴും. ഇരുവരും ഈഴവ സമുദായക്കാരനാണ്.
എന്നാൽ മറ്റു സമുദായക്കാരും ഇതേ ഡിവിഷനിൽ നിന്ന് ജനപ്രതിനിധികളായിട്ടുള്ളതിനാൽ നിലവിലെ മണ്ഡലം പ്രസിഡന്റ് കനീഷ് സേവ്യറും സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ മനു ജേക്കബിനു വേണ്ടിയും സമ്മർദം ശക്തമാണ്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ പേരുൾപ്പടെ എൽഡിഎഫിന്റെയും ബിജെപിയുടെയും സാധ്യത പട്ടികയിലുണ്ട്.
എൽഡിഎഫിൽ നിന്ന് സന്തോഷ് ജോസഫ് പുതുള്ളിലും ബിജെപിയിൽ നിന്ന് ജിതേഷ് ചന്ദ്രനുമാണ് കഴിഞ്ഞ തവണ ദീപക് ജോയിക്കെതിരെ മത്സരിച്ചത്.
District News
മൂവാറ്റുപുഴ: പുളിക്കല്‍ കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെയും സാഹസികമായി രക്ഷപ്പെടുത്തി പെന്തിട്ട ഷാജി. പേഴയ്ക്കാപ്പിള്ളി ഭാഗത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടി ഉൾപ്പടെ മൂന്നു പേർക്കാണ് ഷാജിയുടെ സമയോചിതമായ ഇടപെടലിൽ ജീവന് തിരിച്ചുകിട്ടിയത്.
ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. പുഴയോരത്ത് മീന്‍ പിടിക്കുന്നതിനിടെ ചെറിയ കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു. ഉടൻ കുട്ടിയെ രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു പേരും പുഴയിലേക്ക് ചാടിയെങ്കിലും മൂവരും ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു.
കുളി കഴിഞ്ഞ് കരയില്‍ നില്‍ക്കുകയായിരുന്ന ഷാജി സംഭവം കണ്ടയുടന്‍ പുഴയിലേക്ക് ചാടുകയും മൂവരെയും സാഹസികമായി കരയിലെത്തിക്കുകയുമായിരുന്നു. ഷാജിയുടെ ധൈര്യവും അവസരോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. മൂന്നു ജീവനുകള്‍ക്ക് രക്ഷകനായ ഷാജിയെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് അഭിനന്ദിച്ചു.
District News
ഉദയംപേരൂർ: ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് ചേർത്തല പൂച്ചാക്കൽ തൈച്ചിറയിൽ കെ.എം. റെജി (52) മരിച്ചു. ശനിയാഴ്ച വൈകിട്ട് 4.35ഓടെ ഉദയംപേരൂർ വലിയകുളം ജംഗ്ഷനടുത്ത് മണകുന്നം സഹകരണ ബാങ്കിന് സമീപത്തായിരുന്നു അപകടം. റെജിയെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: സുനിത. മക്കൾ: രാജശ്രീ, ഭാഗ്യശ്രീ.
District News
കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാൾ സ്വദേശി കോതമംഗലത്ത് പിടിയിൽ. പശ്ചിമ ബംഗാൾ ദക്ഷിൻ സുന്ദർപുർ സ്വദേശി സാബിർ അലി മോണ്ടൽ (39) ആണ് അറസ്റ്റിലായത്.
കോതമംഗലം ആയക്കാട് നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് പ്രതി പൊലിസ് പിടിയിലായത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വെസ്റ്റ് ബംഗാൾ പൊലിസിന് കൈമാറും. വെസ്റ്റ് ബംഗാളിൽ നിന്നും തോക്കുകൾ കടത്തിയ കേസിൽ ആറുപേരെ ബംഗാൾ പൊലിസ് പിടികൂടിയിരുന്നു.
പ്രതി സാബിർ അലി മോണ്ടൽ അവിടെ നിന്നും പൊലിസിനെ വെട്ടിച്ച് കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃക്കാരിയൂർ ആയക്കാട് ഉണ്ടെന്ന് വ്യക്തമായത്. പ്രതി സാബിർ ആയക്കാടുള്ള അതിഥി തൊഴിലാളിയോട് ജോലി വേണമെന്നാവശ്യപ്പെട്ട് ഫോൺ ചെയ്തതാണ് പൊലിസിന് പ്രതിയിലേക്കെത്താൻ സഹായകമായ സൂചന ലഭിച്ചത്. ഇതോടെ പൊലിസ് ആയക്കാടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. കോതമംഗലം എസ്എച്ച്ഒ കെ.എച്ച്.ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.